Preface Logo
ചെന്നായയോടുള്ള സംഭാഷണംimage

Featured

ചെന്നായയോടുള്ള സംഭാഷണം

ഔസിൻ്റെ മകൻ ഉഹ്ബാനെ കേട്ടിട്ടുണ്ടോ? തിരുനബിയുടെ അനുചരനാണ് അദ്ദേഹം. ഇസ്‌ലാമിക ചരിത്രത്തിലെ അതിപ്രധാനമായ 'ബൈഅത്തുരിള്‌വാൻ' ഉടമ്പടിയിൽ പങ്കെടുത്ത ആളാണ്. ‘യബ്ന’ എന്ന സ്ഥലത്തായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 'മുകല്ലിമുദ്ദിഅബ്' എന്നാണ് അദ്ദേഹത്തിൻ്റെ സ്ഥാനപ്പേര്. "ചെന്നായയോട് സംസാരിച്ചവൻ" എന്നാണ് അതിൻ്റെ അർത്ഥം.

എന്താണ് അദ്ദേഹത്തെ അങ്ങനെ വിളിക്കാൻ കാരണം? അതെ, അങ്ങനെ ഒരു സംഭവം ഉണ്ടായി. അദ്ദേഹം ‘വബ്റ’ എന്ന പ്രദേശത്ത് ആടുമേക്കുകയായിരുന്നു. ആട്ടിൻപറ്റത്തിൽ നിന്ന് ഒരാടിനെ ചെന്നായ പിടിച്ചു കൊണ്ടുപോയി. അയാൾ ചെന്നായയുടെ പിന്നാലെ ഓടി. അതിൻ്റെ വായിൽ നിന്നും ആടിനെ രക്ഷപ്പെടുത്തി. ചെന്നായ ഒരു കുന്നിൻ മുകളിൽ കയറി, കൈ നിവർത്തി വെച്ച്, വാൽ ഇരുകാലുകൾക്കിടയിൽ വെച്ച്, അവക്കുമേൽ ഇരുന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു:

“അല്ലാഹു എനിക്ക് നൽകിയ ഭക്ഷണം നീ തട്ടിപ്പറിച്ചുവല്ലോ. നിനക്ക് അല്ലാഹുവിനെ പേടിയില്ലേ?” ഇത് കേട്ട് അത്ഭുതപ്പെട്ടുകൊണ്ടായാൾ പറഞ്ഞു: “ഇതുപോലെ ഒരു ദിവസം എനിക്ക് ഇതുവരെ ഉണ്ടായില്ലല്ലോ. ഇതെന്തൊരു അത്ഭുതമാണ്! മനുഷ്യരുടെ ഭാഷയിൽ ചെന്നായ സംസാരിക്കുന്നു!” മദീനയിലേക്ക് കൈ ചൂണ്ടി ചെന്നായ പറഞ്ഞു:

“നിൻ്റെ കാര്യമാണ് ഇതിനേക്കാൾ അത്ഭുതം. ചരൽക്കല്ലുകൾ നിറഞ്ഞ രണ്ട് പ്രദേശത്തിനിടയിൽ, ഈന്തപ്പനകളുടെ നാട്ടിൽ, കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ കാര്യങ്ങൾ പറയുന്ന ഒരത്ഭുത മനുഷ്യൻ വന്നിരിക്കുന്നു. അത്രയും മഹത്വമുള്ള ഒരു പ്രവാചകനെ ഇതുവരെ അല്ലാഹു നിയോഗിച്ചിട്ടില്ല. അവിടുത്തേക്ക് വേണ്ടി സ്വർഗ കവാടങ്ങൾ തുറക്കപ്പെട്ടിരിക്കുന്നു. നിനക്കും ആ പ്രവാചകനും ഇടയിൽ ഈ കുന്ന് മാത്രമല്ലേയുള്ളൂ? എന്നിട്ടും നീ അതൊന്നും അറിഞ്ഞില്ല! നീ അദ്ദേഹത്തെ വിശ്വസിച്ചില്ല. ആ പ്രവാചകനെയും ഉപേക്ഷിച്ച് നീ ആടിനെയും മേച്ച് നടക്കുന്നു! അതല്ലേ അത്ഭുതം? നിനക്കും അദ്ദേഹത്തോടൊപ്പം ചേർന്ന് അല്ലാഹുവിൻ്റെ സന്നദ്ധഭടനായിക്കൂടെ?”

“ഞാൻ നബിയെ കാണാൻ പോയാൽ എൻ്റെ ആടുകളെ ആര് നോക്കും?” ഉഹ്ബാൻ ആശങ്കപ്പെട്ടു. “നിങ്ങൾ മടങ്ങുന്നത് വരെ ഞാൻ നോക്കിക്കോളാം.” അയാൾ ആടിനെ ചെന്നായയെ ഏൽപ്പിച്ചു. തിരുനബിയെ കാണാൻ പോയി. തിരുനബിയെ കണ്ടു കാര്യങ്ങൾ പറഞ്ഞു. ഇസ്‌ലാം സ്വീകരിച്ചു.

അസർ നിസ്കരിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു തിരുനബിയും അനുചരന്മാരും. നിസ്കാര ശേഷം തിരുനബി അദ്ദേഹത്തോട് തൻ്റെ അനുഭവം അനുചരർക്ക് വിശദീകരിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ വിശദീകരണം കേട്ട് തിരുനബി പറഞ്ഞു: “അയാൾ പറയുന്നത് സത്യമാണ്. അന്ത്യനാളിൻ്റെ അടയാളമായി ഇങ്ങനെ പലതും സംഭവിക്കും. ഒരാൾ പുറത്തിറങ്ങിയാൽ അയാളുടെ ചെരുപ്പ്, ചാട്ട തുടങ്ങിയ ഉപകരണങ്ങൾ അദ്ദേഹം വീട്ടിൽ നിന്ന് ഇറങ്ങിയതിനു ശേഷം അവിടെ ഉണ്ടായ സംഭവങ്ങളൊക്കെ അറിയിക്കുന്ന കാലം വരും.”

തൻ്റെ ആടുകളുടെ അടുക്കലേക്ക് തിരിച്ചു പോകാൻ അദ്ദേഹത്തോട് തിരുനബി ആവശ്യപ്പെട്ടു. അവയെല്ലാം ഒരു കുഴപ്പവും കൂടാതെ അവിടെ ഉണ്ടാകും എന്നും അവിടുന്ന് പറഞ്ഞു. അദ്ദേഹം തിരിച്ചുവന്നപ്പോൾ ചെന്നായയുടെ കാവലിൽ ആടുകൾ സുരക്ഷിതരായിരുന്നു! ചെന്നായയ്ക്കായി ഒരാടിനെ അറുത്തു നൽകി അദ്ദേഹം തൻ്റെ ആട്ടിൻപറ്റങ്ങളുമായി തിരിച്ചുപോന്നു.

ചരിത്രത്തിൽ ജീവിച്ച ഒരാളുടെ അനുഭവമാണിത്. അദ്ദേഹം ഒരു ജൂതനായിരുന്നു. തൻ്റെ മതവിശ്വാസം ഉപേക്ഷിച്ച് പുതിയ വിശ്വാസത്തിൽ ചേർന്ന് തിരുനബിയോടൊപ്പം ജീവൻ പണയം വെച്ച് അധർമങ്ങൾക്കെതിരെയുള്ള സമരമുഖത്ത് അയാൾ അണിനിരന്നു. എന്തായിരിക്കും പ്രചോദകം? താൻ വിശ്വസിക്കുന്നത് ശരിയാണെന്ന അദ്ദേഹത്തിൻ്റെ ശക്തമായ ബോധ്യമായിരുന്നു അതിൻ്റെ കാരണം. ആ ബോധ്യത്തിന് നിദാനമായി പ്രവർത്തിച്ചതെന്താണ്? ചെന്നായയുടെ സംസാരം! ഒരാൾക്ക് മാത്രമാണോ ഇത്തരം അനുഭവങ്ങൾ? അല്ല; ഇതുപോലെ ഒരുപാട് അത്ഭുതങ്ങൾ സംഭവിച്ചതായി ചരിത്രത്തിൽ ജീവിച്ച ധാരാളം മനുഷ്യർ വിളിച്ചു പറയുന്നു. അവർ അത്ഭുതങ്ങൾ കണ്ട് പുതിയ ജീവിത വ്യവസ്ഥിതിയിലേക്ക് വരുന്നു. അങ്ങനെ പുതിയ മനുഷ്യനായി മാറുന്നു. തിരുനബിക്ക് വേണ്ടി എന്തും ചെയ്യാൻ സന്നദ്ധരാകുന്നു.

ഈ സംഭവം ഒരു ചരിത്രഗ്രന്ഥത്തിൽ മാത്രം ഉള്ളതല്ല; മറിച്ച് പല ഗ്രന്ഥങ്ങളിലായി വ്യത്യസ്ത പരമ്പരകളിലൂടെ പലരും ഇത് ഉദ്ധരിച്ചിട്ടുണ്ട്. ചെറിയ പാഠഭേദങ്ങളുണ്ട്. ലഭ്യമായ വിവരങ്ങളെല്ലാം കൂട്ടിയിണക്കിയാണ് ഈ ചരിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ചെന്നായ പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്. തിരുനബി കഴിഞ്ഞുപോയ കാര്യങ്ങളും വരാൻ പോകുന്ന കാര്യങ്ങളും പറയുന്നു. ഇതൊരു അത്ഭുതമായിട്ടാണ് ചെന്നായ അവതരിപ്പിക്കുന്നത്. തീർച്ചയായും അത് അത്ഭുതം തന്നെയാണല്ലോ. കഴിഞ്ഞുപോയ പല കാര്യങ്ങളും തിരുനബി പറയുന്നത് അത് അറിയുവാനുള്ള ഭൗതിക സാഹചര്യങ്ങൾ ഇല്ലാതെയാണ്.

ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങളും തിരുനബി പറയുമെന്ന് ഉഹ്ബാനോട് ചെന്നായ പറയുന്നുണ്ട്. അങ്ങനെ വല്ല കാര്യങ്ങളും അവിടുന്ന് പറഞ്ഞിട്ടുണ്ടോ? മൃഗം മനുഷ്യനോട് സംസാരിക്കുക എന്നത് അന്ത്യനാളിൻ്റെ അടയാളമാണന്ന് അവിടുന്ന് പറഞ്ഞു. തുടർന്ന് അജൈവ വസ്തുക്കൾ സംസാരിക്കുന്ന കാര്യവും പറഞ്ഞു. തിരുനബിയുടെ വരവ് തന്നെ അന്ത്യനാളിൻ്റെ അടയാളമാണ്. ആദിമ മനുഷ്യൻ്റെ ചരിത്രം മുതൽ ഇങ്ങോട്ട് നോക്കിയാൽ ഇനി അന്ത്യനാൾ ആവാൻ കുറഞ്ഞ സമയം മാത്രമേ ഉള്ളൂ. അതുകൊണ്ടാണ് നടുവിരലും ചൂണ്ടുവിരലും ചേർത്തുവച്ചുകൊണ്ട് അവിടുന്ന് പറഞ്ഞത്; ഞാനും അന്ത്യനാളും ഇതുപോലെയാണ് - വളരെ അടുത്താണ് എന്നർത്ഥം.

ചന്ദ്രപ്പിളർപ്പുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുർആൻ സംസാരിച്ചപ്പോൾ പറഞ്ഞതും ശ്രദ്ധേയമാണ്: “അന്ത്യനാൾ അടുത്തു; ചന്ദ്രൻ പിളർന്നു.” അതായത് ആ പിളർപ്പ് തന്നെയും അന്ത്യനാളിൻ്റെ അടയാളമാണ്. അപ്പോൾ ഈ ചെന്നായ സംസാരിച്ചതും അന്ത്യനാളിൻ്റെ അടയാളം തന്നെയാണ്.

ഇനിയും അങ്ങനെ ചില സംസാരങ്ങൾ നടക്കുമായിരിക്കും. മൃഗങ്ങളെ മനുഷ്യൻ പരിശീലിപ്പിച്ച് സംസാരിപ്പിക്കൽ ആണോ അതല്ല മൃഗങ്ങൾ പ്രകൃത്യാ തന്നെ സംസാരിക്കലാണോ എന്നറിയില്ല. 'ദാബ്ബത്തുൽ അർള്' എന്ന അത്ഭുത മൃഗം അന്ത്യനാളിനോടനുബന്ധിച്ച് പ്രത്യക്ഷപ്പെടുമെന്നും അത് മനുഷ്യരോട് സംസാരിക്കുമെന്നും വിശുദ്ധ ഖുർആൻ പറയുന്നുണ്ട്.

മറ്റൊരു കാര്യം അജൈവ വസ്തുക്കളുടെ സംസാരമാണ്. ഒരാൾ വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ വീട്ടിൽ എന്തൊക്കെ സംഭവിച്ചു എന്ന് അദ്ദേഹത്തിൻ്റെ കയ്യിലുള്ള ചാട്ട, കാലിലുള്ള ചെരുപ്പ് ഇതൊക്കെ വിളിച്ചു പറയുന്ന കാലം വരുമെന്നാണ് ഹദീസിൽ പറയുന്നത്. കയ്യിലും കാലിലും തുടയിലും (ഒരു നിവേദനത്തിൽ ‘തുട’ എന്നും പറയുന്നുണ്ട്) ഘടിപ്പിച്ചിട്ടുള്ള വസ്തുക്കൾ, (CCTVയെക്കുറിച്ച് ചിന്തിച്ച് നോക്കൂ) വീട്ടിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ പറയുകയും മനുഷ്യനെ ലൈവായി കാണിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്. അപ്പോൾ തിരുനബിയുടെ ആ പ്രവചനം ഒരർത്ഥത്തിൽ പുലർന്നു എന്നാണ് മനസ്സിലാകുന്നത്. അവ തന്നെ കുറച്ചുകൂടി വ്യക്തമായി പുലരുന്ന ദിവസങ്ങൾക്ക് നമ്മൾ സാക്ഷിയായേക്കാം.

അവസാന നാളിൻ്റെ അടയാളങ്ങൾ

അന്ത്യനാളിൻ്റെ അടയാളമായി തിരുനബി പറഞ്ഞ ധാരാളം കാര്യങ്ങൾ പുലർന്നതായി കാണുന്നുണ്ട്. ചിലത് പറയാം:

ദരിദ്രരും അർദ്ധനഗ്നരും നഗ്നപാദരുമായിരുന്ന ജനത, ഉയരമുള്ള കെട്ടിടങ്ങൾ ഉണ്ടാക്കുന്നതിൽ മത്സരിക്കുമെന്ന് തിരുനബി പറഞ്ഞു. അറബികളുടെ സ്ഥിതി അങ്ങനെയായിരുന്നില്ലേ? ദരിദ്രരായിരുന്നു അവർ; അർദ്ധനഗ്നർ; നഗ്നപാദർ; ഇടയന്മാർ. പിന്നീട് അല്ലാഹു അവർക്ക് അനുഗ്രഹങ്ങൾ നൽകി. എണ്ണപ്പാടങ്ങൾ കണ്ടുപിടിക്കപ്പെട്ടു. സമ്പത്ത് സമൃദ്ധമായി ലഭിച്ചു. ഇപ്പോൾ ലോകത്ത് ഏറ്റവും ഉയരമുള്ള കെട്ടിടം യു.എ.ഇയിലെ ബുർജ് ഖലീഫയാണ്. 828 മീറ്ററാണ് അതിൻ്റെ ഉയരം (2,717 അടി). എന്നാൽ ആയിരത്തിലേറെ മീറ്റർ ഉയരമുള്ള, ബുർജ് ഖലീഫ എന്ന ഗോപുരത്തെ വെല്ലുന്ന ബിൽഡിംഗ് നിർമിക്കാനുള്ള ശ്രമത്തിലാണ് സൗദി. മത്സരിക്കുമെന്ന വാക്ക് എത്ര സാർത്ഥകമാണ്! ഗൾഫ് രാജ്യങ്ങളിൽ ഉയർന്നു നിൽക്കുന്ന അംബരചുംബികളായ ഈ കെട്ടിടങ്ങൾ നോക്കി തിരുനബി അന്ന് പറഞ്ഞത് സത്യമാണെന്ന് വിളിച്ചുപറയാൻ നിങ്ങൾക്ക് തോന്നുന്നില്ലേ?

സമകാലിക മുസ്‌ലിംകളുടെ അവസ്ഥയെ വ്യക്തമായി വരച്ചിടുന്ന ഒരു ഹദീസ് ഇതാ: "ഭക്ഷണം കഴിക്കുന്നവർ ഭക്ഷണത്തളികയിലേക്ക് ഒരുമിച്ച് കൈനീട്ടുന്നതുപോലെ ഇതര സമുദായങ്ങൾ നിങ്ങളുടെ നേരെ കൈനീട്ടുന്ന കാലമടുത്തിരിക്കുന്നു." അന്ന് ഞങ്ങൾ എണ്ണത്തിൽ കുറവായതു കൊണ്ടായിരിക്കുമോ നബിയേ? എന്ന് തിരുനബിയോട് സഹാബികൾ ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: “അല്ല, അന്ന് നിങ്ങൾ ധാരാളമുണ്ടായിരിക്കും, പക്ഷേ മലവെള്ളത്തിൽ ഒലിച്ചു പോകുന്ന ചണ്ടികളെ പോലെ നിസാരരായിരിക്കും. ഐഹിക ലോകത്തോടുള്ള ആർത്തിയും മരണഭയവും നിങ്ങളെ പിടികൂടും.”

അവസാനകാലഘട്ടത്തിലെ, വിശിഷ്യാ പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന കലാപത്തിലേക്ക് സൂചന നൽകുന്ന ഹദീസ് ഇങ്ങനെ: “എനിക്ക് ശേഷം നാലുവിധത്തിലുള്ള കുഴപ്പങ്ങളുണ്ടാകും. രക്തരൂക്ഷിതമായ കലാപമായിരിക്കും ആദ്യത്തേത്, എന്നാൽ രണ്ടാമത്തേതിൽ കൊലപാതകങ്ങൾക്ക് പുറമേ കവർച്ചയുണ്ടാകും. മൂന്നാമത്തേതിലാവട്ടെ അവക്ക് പുറമേ സ്ത്രീകളുടെ ചാരിത്ര്യം ധ്വംസിക്കപ്പെടും. നാലാമത്തേത് അന്ധവും ബധിരവുമായ കലാപമായിരിക്കും. അതൊരു പ്രദേശത്തെ മുച്ചൂടും വിഴുങ്ങും. കടലിലെ തിരമാലകളെപ്പോലെ അത് ഇളകിമറിയും. ആർക്കും അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. ശാം രാജ്യങ്ങളിൽ (ഫലസ്തീൻ, ജോർദാൻ, സിറിയ, ലബനാൻ) അത് ചുറ്റിക്കറങ്ങും. ഇറാഖിനെ അത് പൊതിയും. അറേബ്യൻ ഉപദ്വീപിനെ അത് കൈകൊണ്ടും കാലുകൊണ്ടും തൊഴിച്ചുകൊണ്ടിരിക്കും. മൃഗങ്ങളുടെ തോല് തേച്ചുരക്കുന്നതുപോലെ എൻ്റെ സമുദായം ആ കലാപങ്ങളിൽ ഏറെ പ്രയാസങ്ങൾ സഹിക്കും. 'നിർത്തൂ.. , നിർത്തൂ..' എന്ന് പറയാൻ ആരുമുണ്ടാകില്ല. ഒരിടത്ത് അടങ്ങിയാൽ മറ്റൊരിടത്ത് പൊട്ടും.”

അവസാന നാളിൽ ധാർമികത വലിയ അപചയങ്ങൾ നേരിടും. ലൈംഗിക അരാജകത്വങ്ങൾ വ്യാപകമാകുമെന്നും, പിതൃത്വം വ്യക്തമല്ലാത്ത മക്കൾ വർദ്ധിക്കുമെന്നും, മനുഷ്യർ മൃഗങ്ങളെപ്പോലെ വഴിയോരങ്ങളിൽ പരസ്യമായി ഇണചേരുമെന്നും തിരുനബി പ്രവചിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലും ഇന്ന് പബ്ലിക് പാർക്കുകളിലെ ലൈംഗിക വേഴ്ചകൾ നിയമവിധേയമാക്കപ്പെട്ടിരിക്കുന്നു. ജർമ്മനി, മെക്സിക്കോ, നെതർലാൻഡ്, ഡെന്മാർക്ക് എന്നിവിടങ്ങളിലെ ചില പാർക്കുകളിൽ പരസ്യമായി ലൈംഗികത നടത്തുന്നത് നിയമവിധേയമാണ്. ലോകത്ത് മുപ്പത് രാജ്യങ്ങളിൽ വ്യഭിചാരം നിയമവിധേയമാണ്. ഈ കണക്കുകൾ ഇനി വർദ്ധിക്കുകയേയുള്ളൂ. ഇത്തരം വൈകൃതങ്ങൾ നിയമവിധേയമായ ഒരു നാട്ടിലൂടെ നിങ്ങൾ പോകുമ്പോൾ വഴിയോരത്ത് ഇണചേരുന്ന മനുഷ്യരെ കണ്ടാൽ 'അരുത്, മാറിനിൽക്കണം' എന്ന് പറയാൻ നിങ്ങൾക്ക് സാധിക്കുകയില്ല. അതിന് സാധിക്കണമെങ്കിൽ അത്രയും വലിയ ധാർമിക ബോധവും ധൈര്യവും വിശ്വാസവും നിങ്ങൾക്ക് വേണ്ടി വരും. അതുകൊണ്ടാണ് ആ കാലഘട്ടത്തിൽ വഴിയരികിൽ നിന്ന് മാറിനിൽക്കാൻ പറയുന്നവനായിരിക്കും അന്നത്തെ ഏറ്റവും നല്ല മനുഷ്യർ (അന്നത്തെ അബൂബക്കറും ഉമറും) എന്ന് ചില ഹദീസുകളിൽ കാണുന്നത്. മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൻ്റെ വൃത്തികെട്ട മുഖമാണ് 1400 കൊല്ലങ്ങൾക്ക് മുമ്പ് തിരുനബി അനാവരണം ചെയ്‌തത്‌.

പ്രമുഖ പണ്ഡിതനായ ഇബ്നു മാജ ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം:

لم تظهر الفاحشة في قوم قط حتى يعلنوا بها إلا فشا فيهم الطاعون والأوجاع التي لم تكن في أسلافهم الذين مضوا

“വൃത്തികേടുകൾ ഒരു സമൂഹത്തിൽ വ്യാപിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്താൽ മുൻകാലങ്ങളിൽ ഇല്ലാത്ത രോഗങ്ങളും പകർച്ചവ്യാധിയും അവരിൽ വ്യാപകമാവാതിരിക്കില്ല.” മുമ്പ് അറിയപ്പെടാതിരുന്ന എന്തെല്ലാം STD (Sexually Transmitted Diseases) കളാണ് ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നത്! എയ്ഡ്സ് ആദ്യമായി കണ്ടെത്തിയത് സ്വവർഗഭോഗികളിലാണ്. ഓരോ വർഷവും പുതിയ പുതിയ രോഗങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു!

വേറെയും പല കാര്യങ്ങളും തിരുവചനങ്ങളിൽ കാണാം. കച്ചവടം വർദ്ധിക്കും. സമ്പത്ത് കുന്നുകൂടും. സമ്പന്നനെ ബഹുമാനിക്കും. കൊച്ചുകുട്ടികൾ ഭരണകേന്ദ്രങ്ങളിലേക്ക് വരും. ഭരണാധികാരികൾ അതിക്രമം കാണിക്കും. മാതാപിതാക്കളെ അകറ്റപ്പെടുകയും സുഹൃത്തുക്കളെ അടുപ്പിക്കുകയും ചെയ്യും. സ്വന്തം മക്കളെ വളർത്തുന്നതിനേക്കാൾ ഒരു പട്ടിക്കുട്ടിയെ വളർത്തുന്നതാണ് നല്ലതെന്ന അവസ്ഥ വരും. മതപരമായ ആവശ്യത്തിന് വേണ്ടിയല്ലാതെ മതകാര്യങ്ങൾ പഠിപ്പിക്കപ്പെടും. വലിയവരോട് ആദരവോ ചെറിയവരോട് കാരുണ്യമോ ഉണ്ടാവുകയില്ല; ആഴമുള്ള പണ്ഡിതർ മരണപ്പെടുക വഴി മതപരമായ അറിവുകൾ കുറഞ്ഞു വരും. 

വിവര വിപ്ലവം ഉണ്ടാവുകയും സകല ജനങ്ങളും അറിവാർജിക്കുകയും ചെയ്യുന്ന കാലം വരും. കൊന്നവൻ താൻ എന്തിനാണ് കൊല്ലുന്നതെന്നോ കൊല്ലപ്പെട്ടവൻ എന്തിനാണ് താൻ കൊല്ലപ്പെട്ടതെന്നോ അറിയാത്തവിധം കൊലപാതകങ്ങൾ വർദ്ധിക്കും. വിവിധ പേരുകളിൽ ലഹരി ഉപയോഗിക്കപ്പെടും. സ്ത്രീകളുമായി വാഹനത്തിൽ പള്ളിയിൽ വരും. പള്ളികൾ അലങ്കരിക്കപ്പെടും. സ്വവർഗ വിവാഹങ്ങളുണ്ടാകും... ഈ പട്ടിക ഇവിടെയൊന്നും നിൽക്കില്ല. ഇതൊക്കെ നടന്നുകൊണ്ടിരിക്കുന്നതും നടക്കാനിരിക്കുന്നതുമായ കാര്യങ്ങളാണ്. തിരുനബി പ്രവചിച്ചതും അങ്ങനെ ചരിത്രത്തിൽ കൃത്യമായി നടന്നതുമായ സംഭവങ്ങൾ ഒട്ടേറെയുണ്ട്.
 

Continue Reading

Visuals

Hover on the post card and preview video

Nothing we found!